മലപ്പുറം: ഈസ്റ്റ് പാങ്ങിലെ ആലുങ്ങൽ വീട്ടിൽ ഉമ്മയും മകനും വിടപറഞ്ഞുപോയതിന്റെ കണ്ണീർപ്പെയ്ത്താണ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ കളിചിരികളോടെ ഇറങ്ങിയ കുഞ്ഞു ഹിഷാമും ഉമ്മയും ഉയിരറ്റ ദേഹങ്ങളുമായി തിരികെയെത്തിയത് കണ്ണീർ തളംകെട്ടിയ മുറ്റത്തേക്കാണ്. വാൽപ്പാറയിലെ വാഹനാപകടത്തിൽ ഈ കുടുംബത്തിന് നഷ്ടമായത് രണ്ടുപേരെയാണ്. പാങ്ങ് പള്ളിപ്പറന്പ് ജിഎൽപി സ്കൂളിലെ അധ്യാപിക സുഹ്റയും മകൻ ഹിഷാമുമാണ് മരിച്ചത്.
സമ്മാനങ്ങളുമായി തിരികെ വരാമെന്ന് പറഞ്ഞുപോയ കുഞ്ഞനുജന്റെയും ഉമ്മയുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ബിരുദ വിദ്യാർഥിനിയായ സഹോദരിക്ക് ഇനിയുമായിട്ടില്ല. സുഹ്റയുടെ ഭർത്താവും മഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കുഞ്ഞുമുഹമ്മദിനും അദ്ദേഹത്തിന്റെ പിതാവിനും ഹിഷാമിന്റെ സഹോദരിക്കും മനക്കരുത്ത് നൽകണമേയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർഥന.
നാടിന്റെ പ്രിയപ്പെട്ട സ്കൂളായ പാങ്ങ് പള്ളിപ്പറന്പ് ജിഎൽപിയിലെ വിദ്യാർഥികളുടെയെല്ലാം പ്രിയ അധ്യാപികയായിരുന്നു സുഹ്റ. അവരുടെ മകനും ചെറുകുളന്പ് കെഎസ്കെഎം യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ഹിഷാം പഠനത്തിൽ മികവ് പുലർത്തി അധ്യാപകരായ ഉപ്പയുടെയും ഉമ്മയുടെയും അഭിമാനമായിരുന്നു.
യുഎസ്എസ് ജേതാവ് കൂടിയായ ഈ മിടുക്കന്റെ മരണം ബന്ധുക്കൾക്കൊപ്പം സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്കുകാണാൻ ടീച്ചറുടെ പ്രിയപ്പെട്ട കുരുന്നുകളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തിയത്. ഹിഷാമിന് വിട നൽകാൻ സഹപാഠികളും അധ്യാപകരും എത്തിയിരുന്നു.